മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള പരാമര്‍ശം; ക്ഷമാപണവുമായി വിനായകന്‍

 | 
vinayakan

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന്‍ വിനായകന്‍. ഫെയിസ്ബുക്ക് കുറിപ്പിലാണ് വിനായകന്റെ ക്ഷമാപണം. ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്‍മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ കുറിച്ചു.


നമസ്കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ

ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]

വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

വിനായകൻ .

 
വി.കെ.പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനമാണ് വിനായകന്റെ പരാമര്‍ശങ്ങളിലൂടെ വിവാദമായത്. മീടൂ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ വിനായകന്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ പരാമര്‍ശം പിന്നീട് വലിയ വിവാദമാകുകയായിരുന്നു. ആ പെണ്ണിനോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ താന്‍ ചോദിക്കുമെന്നും അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ എന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. 

മീടൂ പ്രസ്ഥാനത്തെ തന്നെ പരിഹസിക്കുന്ന വിധത്തിലും വിനായകന്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉള്‍പ്പെടെ വിനായകന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ക്ഷമാപണവുമായി നടന്‍ രംഗത്തെത്തിയിരിക്കുന്നത്.