രക്ഷാദൗത്യം പൂര്‍ണ്ണം; ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റും
ചെങ്കുത്തായ മലമുകളിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള ദൗത്യം വിജയകരമായി അവസാനിച്ചു. പാറയിടുക്കില്‍ നിന്ന് സൈന്യം മലമുകളില്‍ എത്തിച്ച ബാബുവിനെ ഹെലികോപ്ടറില്‍ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്. രാവിലെ 10.20ഓടെ ബാബുവിനെ രക്ഷിച്ച് മലമുകളില്‍ എത്തിച്ചു. ഇവിടെ നിന്ന് ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിക്കും. യുവാവ് ആരോഗ്യവാനാണെന്നു പ്രഥമ ശുശ്രൂഷ നല്‍കിയതായും ബാബുവിന്റെ സുഹൃത്ത് പറഞ്ഞു.
രാവിലെ റോപ്പില്‍ പാറയിടുക്കിലേക്ക് ഇറങ്ങിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി. ഇതിന് ശേഷം സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് റോപ്പില്‍ ബാബുവിനെ സ്വന്തം ശരീരത്തോട് ചേര്‍ത്ത് കെട്ടി മല കയറുകയായിരുന്നു. മുകളിലുള്ള സൈനികരും എന്‍ഡിആര്‍എഫ് അംഗങ്ങളും റോപ്പ് വലിച്ചു കയറ്റി. പര്‍വതാരോഹകരും എവറസ്റ്റ് കീഴടക്കിയവരും ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലേക്ക് ബാബുവും രണ്ടു പേരും കയറിയത്. മറ്റു രണ്ടു പേര്‍ പകുതി വഴിയില്‍ മടങ്ങി. മുകളിലേക്ക് പോയ ബാബു കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ബാബു തന്നെയാണ് താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരം ഫോണില്‍ വിളിച്ച് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പിന്നീട് എന്‍ഡിആര്‍എഫിനെ രക്ഷാദൗത്യം ഏല്‍പിച്ചു. എന്നാല്‍ ബാബു ഇരിക്കുന്ന പാറയിടുക്കിലേക്ക് എത്താന്‍ എന്‍ഡിആര്‍എഫിന് കഴിഞ്ഞില്ല. ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമവും പരാജയമായി. ഡ്രോണ്‍ ഉപയോഗിച്ച് ഇളനീര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റില്‍ ഡ്രോണ്‍ താഴെ വീണു.
ഇതിന് ശേഷമാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിളിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സ്ഥലത്തെത്തിയ സൈന്യം ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. രാവിലെ 10.20 ഓടെ യുവാവിനെ മലമുകളില്‍ എത്തിച്ചു. ബാല എന്ന സൈനികനാണ് ബാബുവിനെ പാറയിടുക്കില്‍ നിന്ന് പുറത്തെത്തിച്ചത്.