മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷണം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

 | 
Babu

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ചെറാട് മലയുടെ ചെങ്കുത്തായ ഭാഗത്തിന് താഴെയായാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. എന്‍ഡിആര്‍എഫും നാട്ടുകാരും യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ബാബു എന്ന യുവാവാണ് ചെങ്കുത്തായ ഭാഗത്തേക്ക് തെന്നിവീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ തിരികെ അയച്ചു. 

വീഴ്ചയില്‍ ബാബുവിന്റെ കാലിന് പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. തിങ്കളാഴ്ച അപകടത്തില്‍ പെട്ട വിവരം ബാബു തന്നെയാണ് ഫോണിലൂടെ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. പരിക്കേറ്റതിന്റെ ചിത്രങ്ങളും മറ്റും സുഹൃത്തുക്കള്‍ക്ക് ഇയാള്‍ അയച്ചിരുന്നു. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബാബു വീണയിടത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. 

ഉച്ചവരെ ബാബുവിനെ മലയുടെ ഒരു വശത്ത് നില്‍ക്കുന്നവര്‍ക്ക് കാണാമായിരുന്നു. വസ്ത്രം വീശി കാണിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവരമൊന്നുമില്ല. ഇന്നലെ രണ്ടു കുട്ടികളുമായാണ് ബാബു ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് പോയത്. കുട്ടികള്‍ രണ്ടു പേരും പകുതിയെത്തിയപ്പോള്‍ മടങ്ങി. മുകളിലേക്ക് പോയ ബാബു കാല്‍ തെന്നി പാറക്കെട്ടില്‍ കുടുങ്ങുകയായിരുന്നു.