ഖാര്‍കീവില്‍ വാതക പൈപ്പ് ലൈന്‍ റഷ്യന്‍ സൈന്യം തകര്‍ത്തു; പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് ഉക്രൈനിയന്‍ സൈബര്‍ ആക്രമണം
ഉക്രൈന്‍ തലസ്ഥാനമായ കീവ് പിടിക്കുന്നതിനായി റഷ്യന്‍ സൈന്യം ആക്രമണം കടുപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ വാതക പൈപ്പ് ലൈന്‍ റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വസില്‍കീവില്‍ ഇന്ധന റിസര്‍വോയറിന് റഷ്യന്‍ ആക്രമണത്തില്‍ തീപിടിച്ചു.
ഇതേത്തുടര്‍ന്ന് കീവിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിഷപ്പുക വ്യാപിച്ചേക്കാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ചെറുത്തു നില്‍പ്പ് തുടരുമെന്ന് ഉക്രൈന്‍ അറിയിച്ചു. ഇതുവരെ 3500 റഷ്യന്‍ സൈനികരെ വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഉക്രൈന്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ സൈനികാക്രമണങ്ങള്‍ക്കൊപ്പം സൈബര്‍ ആക്രമണങ്ങള്‍ക്കും വേദിയാകുകയാണ് ഉക്രൈനിലെ റഷ്യന്‍ ആക്രമണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പുടിന്റെ ഓഫീസിന്റെ സൈറ്റായ kremlin.ru ആണ് ആക്രമിക്കപ്പെട്ടത്. റഷ്യന്‍ സൈബര്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ഇത്. വിവിധ റഷ്യന്‍ ഗവണ്‍മെന്റ് സൈറ്റുകളും മാധ്യമ സൈറ്റുകളും ആക്രമിക്കപ്പെട്ടതായും വിവരമുണ്ട്.