സ്‌കൂളുകള്‍ ഫെബ്രുവരി 14ന് തുറക്കുന്നു; കോളേജുകള്‍ തുറക്കാനും അനുമതി
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകളും കോളേജുകളും തുറക്കുന്നു. ഫെബ്രുവരി 14 മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായി തുറന്നു പ്രവര്‍ത്തിക്കും. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ അടയ്ക്കുകയായിരുന്നു. അടച്ചിട്ട കോളേജുകള്‍ ഈ മാസം 7-ാം തിയതി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചിട്ടത്. ഫെബ്രുവരി ആദ്യവാരം അവലോകനം നടത്തി സ്‌കൂളുകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കും എന്നായിരുന്ന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മൂന്നാം തരംഗത്തിലെ വ്യാപനം കുറഞ്ഞു വരുന്നത് പരിഗണിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ വ്യാപനം രൂക്ഷമായതിനാല്‍ 10 ദിവസം കൂടി സ്‌കൂളുകള്‍ അടഞ്ഞു കിടക്കും.
10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. മറ്റു ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നിലവില്‍ നടന്നു വരുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.