ദേശീയ പണിമുടക്ക് രണ്ടാം ദിവസം; തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ ജീവനക്കാരെ തടഞ്ഞു

 | 
Lulu Mall Tvm

 
ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും രണ്ടാം ദിവസവും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരം ചെയ്യുന്നവര്‍ തടഞ്ഞു. ലുലു മാളിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് ലുലു മാളിന് മുന്നിലെ പ്രതിഷേധം. അതേസമയം 11 മണിക്ക് ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. 

രണ്ടാം ദിവസം സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

ഇതിന്റെ പശ്ചാചത്തലത്തിലാണ് കടകള്‍ തുറക്കുമെന്ന നിലപാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരിച്ചത്. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ട കാര്യമില്ലെന്നാണ് നിലപാട്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഹാജര്‍ കുറവാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല.