പോസ്റ്റര്‍ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎന്‍ടിയുസിക്കാരേ കാണൂ; ചങ്ങനാശേരിയില്‍ വി.ഡി.സതീശനെതിരെ ഐഎന്‍ടിയുസി പ്രതിഷേധം
കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രസ്താവനയില്‍ വി.ഡി.സതീശനെതിരെ പ്രതിഷേധ പ്രകടനം നടത്തി ഐഎന്‍ടിയുസി തൊഴിലാളികള്‍. ചങ്ങനാശ്ശേരിയിലാണ് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിപക്ഷനേതാവ് ഇന്ന് കോട്ടയത്തെത്തുന്നതിന് മുന്നോടിയായാണ് ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് വന്നാല്‍ പോസ്റ്ററൊട്ടിക്കാനും കൊടിപിടിക്കാനും ഐഎന്‍ടിയുസിക്കാരേ ഉള്ളു, ഒറ്റ നേതാക്കന്‍മാരെ കാണില്ലെന്ന് തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന തൊഴിലാളി സംഘടനയാണ് ഐഎന്‍ടിയുസി. കേരളത്തില്‍ 18 ലക്ഷം തൊഴിലാളികള്‍ ആ സംഘടനയിലുണ്ട്. ആ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നത് സഹിക്കാനാകുന്നതല്ല. വി.ഡി.സതീശന്‍ പ്രസ്താവന പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
പ്രതിഷേധിക്കുന്നു എന്നുകരുതി ഞങ്ങളാരും കോണ്‍ഗ്രസ് വിട്ടുപോകില്ല. ഞങ്ങളില്‍ ഓടുന്നതും കോണ്‍ഗ്രസ് രക്തമാണ്. അല്ലെങ്കില്‍ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയട്ടെയെന്നും സംഘടനാ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ഐഎന്‍ടിയുസിയെ തള്ളിക്കൊണ്ട് സതീശന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ലെന്നും ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സതീശന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അസഹിഷ്ണുതയാണെന്നും സതീശന്‍ പറഞ്ഞിരുന്നു.