തോക്കില്‍ കയറി വെടിവെക്കുന്നോ? സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
ദിലീപും കൂട്ടാളികളും പ്രതികളായ ഗൂഢാലോചനാ കേസിനോട് അനുബന്ധിച്ച് സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി.
സായ് ശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഏഴു ദിവസത്തിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് സായ് ശങ്കര്‍ കോടതിയെ അറിയിച്ചു.
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച കുറ്റമാണ് തനിക്കെതിരെ ആരോപിക്കുന്നത്. തെളിവ് നശിപ്പിച്ച കുറ്റമാണെങ്കില്‍ അതിന് ജാമ്യം ലഭിക്കുമെന്നുമായിരുന്നു സായ് ശങ്കര്‍ വാദിച്ചത്. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് ചോദിച്ച കോടതി തോക്കില്‍ കയറി വെടിവെക്കുകയാണോയെന്നും ചോദിച്ചു.