സില്‍വര്‍ലൈന്‍ കല്ലിടല്‍ തടയണമെന്ന ഹര്‍ജി തള്ളി; സര്‍വേ തുടരാമെന്ന് സുപ്രീം കോടതി

 | 
Silverline stone

സില്‍വര്‍ലൈന്‍ സര്‍വേക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളി സുപ്രീം കോടതി. സര്‍വേയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് സര്‍വേയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍വിധിയെന്ന് ഹര്‍ജിക്കാരോട് ചോദിച്ചു. സര്‍വേ തുടരാമെന്നും കോടതി വ്യക്തമാക്കി. 

സ്വകാര്യ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ച് സര്‍വേ നടത്തുന്നതിന് എതിരെയാണ് ഏതാനും ഭൂവുടമകള്‍ കോടതിയെ സമീപിച്ചത്. കല്ലുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നും സര്‍വേ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. സര്‍വേയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

ഭൂനിയമം, സര്‍വേ ആന്‍ഡ് ബോര്‍ഡ് ആക്ട് എന്നിവയനുസരിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടത്.