ആറാടി റയൽ മാ‍‍ഡ്രിഡ്, ആഴ്സണലിനെ തകർത്ത് ടോട്ടനം

 | 
tottanam

വിനീഷ്യസ് ജൂനിയർ നേടിയ ഹാട്രിക്ക് ഉൾപ്പടെ എതിരില്ലാത്ത ആറ് ​ഗോളുകൾക്ക്  ലവാന്റേയെ തകർത്ത് റയൽ മാഡ്രിഡ് കഴിഞ്ഞ തോൽവിയുടെ ക്ഷീണം തീർത്തു. കരീം ബെൻസേമ, ഫെർലാന്റ് മെൻഡി, റോഡ്രി​ഗോ എന്നിവരാണ് മറ്റ് സ്കോറർമാർ. ഇതിനകം ലാ ലീ​ഗ കിരീടം നേടിക്കഴിഞ്ഞ റയൽ 36 കളികൾ പൂർത്തിയാക്കിയപ്പോൾ 84 പോയിന്റ് നേടി. 

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നാലാം സ്ഥാനത്തിനുള്ള  പോരാട്ടം ക‌ടുപ്പിച്ചു കൊണ്ട് ടോട്ടനം ആഴ്സണലിനെ വീഴ്ത്തി. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ ജയം. ഹാരി കെയ്ൻ 2 ​ഗോൾ നേടി.  22ാം  മിനിറ്റിൽ കെയ്ൻ നേടിയ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ടോട്ടനത്തിനെതിരെ 33ാം മിനിറ്റിൽ ആഴ്സണലിന് ഒരാളെ നഷ്‌ടമായി. റോബ് ഹോഡിം​ഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പിന്നീട് പത്തുപേരുമായാണ് ആഴ്സണൽ കളിച്ചത്. 37ാം മിനിറ്റിൽ ഹാരി കെയ്നും 47 മിനിറ്റിൽ സണ്ണും ​ഗോളടിച്ചു. 

36 കളികൾ കഴിഞ്ഞപ്പോൾ 66 പോയിന്റുമായി ആഴ്സണൽ നാലാം സ്ഥാനത്തും 65 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തുമാണ്. ആഴ്സണലിന്റെ അടുത്ത രണ്ട് കളികൾ ന്യൂകാസിൽ, എവർട്ടൺ എന്നീ ടീമുകളുമായിട്ടാണ്. ടോട്ടനം ബേൺലി, നോർവിച്ച് സിറ്റി എന്നിവരുമായി കളിക്കും. ചാമ്പ്യൻസ് ലീ​ഗ് ഉറപ്പിക്കാൻ ആഴ്സണലിന് രണ്ടു കളികളും ജയിച്ചാൽ മതി. എന്നാൽ ടോട്ടനത്തിന് രണ്ടു കളികൾ ജയിക്കുകയും ആഴ്സണൽ ഒരു സമനിലയോ തോൽവിയോ വഴങ്ങുകയോ വേണം.