തകർത്തടിച്ചു ത്രിപതി, മാർക്രം; സൺറൈസേഴ്സിന് മൂന്നാം ജയം

 | 
Srh

രാഹുൽ ത്രിപതി, എയ്ഡൻ മാർക്രം എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെ മികവിൽ കൊൽക്കത്തയെ തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 15ആം സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ 176 റൺസ് എന്ന വിജയലക്ഷ്യം 13 പന്തും 7 വിക്കറ്റും ബാക്കി നിൽക്കെ സൺറൈസേഴ്സ് മറികടന്നു.

36 പന്തിൽ 54 റൺസ് നേടിയ നിതീഷ് റാണ, പുറത്താകാതെ 25 പന്തിൽ 49 റൺസ് അടിച്ച ആന്ദ്രെ റസ്സൽ എന്നിവരുടെ മികവിലാണ് കൊൽക്കത്ത 8 വിക്കറ്റിന് 175 എന്ന സ്കോറിൽ എത്തിയത്.  3 വിക്കറ്റ് വീഴ്ത്തിയ നടരാജൻ, 2 വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക് എന്നിവർ സൺറൈസേഴ്സിന് വേണ്ടി തിളങ്ങി.

സ്കോർ 39ൽ നിൽക്കെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ സൺറൈസേഴ്സിന് വേണ്ടി മൂന്നാം വിക്കറ്റിൽ രാഹുലും മാർക്രവും 94 റൺസ് കൂട്ടിച്ചേർത്തു. 37 പന്തിൽ 71 റൺസ് നേടി രാഹുൽ പുറത്താകുമ്പോൾ ജയം 43 റൺസ് അകലെ. എന്നാൽ പിന്നീട് എത്തിയ നിക്കോളാസ് പൂരാനെ സാക്ഷിയാക്കി മാർക്രം കളി ജയിപ്പിച്ചു. 36 പന്തിൽ 68 റൺസ് ആണ് മാർക്രം നേടിയത്. 18ആം ഓവറിൽ കമ്മീൻസിനെ ഒരു ഫോറും 2 സിക്‌സും പറത്തി സൺറൈസേഴ്സ് ജയം മാർക്രം ആഘോഷിച്ചു.ത്രിപതി ആണ് കളിയിലെ താരം. ഇതോടെ കൊൽക്കത്ത 4ആം സ്ഥാനത്തേക്കും സൺറൈസേഴ്സ് 7ആം സ്ഥാനത്തും ആയി. ഇരു ടീമുകൾക്കും 6 പോയിന്റ് വീതം ആണ്.