അപ്പോള്‍ ഉള്ളിക്കറി തിന്നാലോ? ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘപരിവാര്‍ പ്രചാരണത്തെ ട്രോളി മന്ത്രി ശിവന്‍കുട്ടി
ബിരിയാണിയെ കരുവാക്കി മുസ്ലീം സമുദായത്തിനെതിരെ തമിഴ്‌നാട്ടില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട വ്യാജ പ്രചാരണത്തെ ട്രോളി മന്ത്രി വി.ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളിക്കറി തിന്നാലോ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ മന്ത്രി ചോദിക്കുന്നു. അപ്പോള്‍ ഇന്ന് ഉച്ചയ്ക്ക് ബിരിയാണിയാകാം എന്നും പോസ്റ്റില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊറോട്ടയും ബീഫും കഴിക്കുന്നുവെന്ന പേരില്‍ പ്രചരിച്ച ചിത്രമാണ് മന്ത്രി ഓര്‍മിപ്പിച്ചത്. താന്‍ ബീഫല്ല, ഉള്ളിക്കറിയാണ് കഴിച്ചതെന്നായിരുന്നു സുരേന്ദ്രന്‍ അന്ന് വിശദീകരിച്ചത്.
ബിരിയാണിയില്‍ ജനന നിയന്ത്രണത്തിനുള്ള ഗുളികകള്‍ ചേര്‍ക്കുന്നുവെന്നും ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നുമാണ് തമിഴ്‌നാട്ടില്‍ നടന്ന പ്രചാരണം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വ്യാജ പ്രചാരണം നടന്നത്. ചെന്നൈയില്‍ മാത്രം 40,000ത്തോളം ബിരിയാണിക്കടകളുണ്ടെന്നും ഇവ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നുമായിരുന്നു ആരോപണം.
ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഈ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അന്‍പത് വര്‍ഷത്തിന് ശേഷം ദി ചെന്നൈ ഫയല്‍സിന് ഇത് ഇതിവൃത്തമാകുമെന്നും പ്രചാരണം നടന്നു.