ഇടുക്കിയില്‍ മകനെയും കുടുംബത്തെയും തീയിട്ടു കൊന്നു; പിതാവ് പിടിയില്‍
ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും ഭാര്യയെയും പേരക്കുട്ടികളെയും തീയിട്ടു കൊലപ്പെടുത്തിയ പിതാവ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹ്‌റ(16), അഫ്‌സാന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്‌സലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടക്കുന്ന സമയത്ത് ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു.
സ്വത്തുതര്‍ക്കത്തിന്റെ പേരിലാണ് ക്രൂര കൊലപാതകമെന്നാണ് വിവരം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 സെന്റ് ഭൂമി മകന്റെ പേരില്‍ എഴുതി നല്‍കിയ ശേഷം മണിയാറന്‍കുടിയിലേക്ക് പോയ ഹമീദ് അവിടെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. 2018ല്‍ മടങ്ങിയെത്തിയ ഇയാള്‍ ഒരു പെട്ടിക്കട ആരംഭിക്കുകയും ഭൂമി തിരികെ വേണമെന്ന് മുഹമ്മദ് ഫൈസലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് രണ്ടു പിതാവും മകനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയും ഈ വിഷയത്തില്‍ വഴക്കുണ്ടായെന്നാണ് സൂചന. രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് ഹമീദ് കൊല നടത്തിയത്. വീട് പുറത്തുനിന്ന് പൂട്ടുകയും വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയുകയും ചെയ്തു.
വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ഹമീദ് അയല്‍ വീട്ടിലെ മോട്ടോറിലേക്കുള്ള വൈദ്യുതി കണക്ഷനും മുറിച്ചിരുന്നു. തീയിട്ട വിവരം ഫൈസല്‍ വിളിച്ചു പറഞ്ഞതനുസരിച്ച് അയല്‍ക്കാരനായ രാഹുല്‍ ഓടിയെത്തിയെങ്കിലും ഹമീദ് രാഹുലിനെ തള്ളി മാറ്റുകയും പെട്രോള്‍ എറിയുന്നത് തുടരുകയുമായിരുന്നു.