'ഗോഡ്‌സെ എന്റെ റോള്‍ മോഡല്‍' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗമത്സരം; സംഭവം ഗുജറാത്തില്‍

 | 
Godse

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ എന്റെ റോള്‍ മോഡല്‍ എന്ന വിഷയത്തില്‍ ഗുജറാത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗമത്സരം. വാല്‍സാദ് ജില്ലയില്‍ നടന്ന മത്സരം വിവാദമായി മാറിയിരിക്കുകയാണ്. ജില്ലാ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. മൂന്ന് വിഷയങ്ങളാണ് നല്‍കിയത്. 'ആകാശത്ത് പറക്കുന്ന പക്ഷികളെ മാത്രമേ എനിക്കിഷ്ടമുള്ളു', 'ഞാന്‍ ഒരു ശാസ്ത്രജ്ഞനാവും പക്ഷെ യു.എസില്‍ പോവില്ല' എന്നിവയായിരുന്നു മറ്റു വിഷയങ്ങള്‍.

പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ സംഭവം വിവാദമായി. പ്രസംഗ മത്സരം സംഘടിപ്പിച്ച ജില്ലാ യൂത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ മിതാബെന്‍ ഗാവ്‌ലിയെ സസ്‌പെന്‍ഡ് ചെയ്തു. ഗാവ്‌ലിയുടെ പ്രത്യേക താല്‍പര്യ അനുസരിച്ചാണ് ഈ വിഷയങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 

എന്നാല്‍ മത്സരത്തിനുള്ള വിഷയം തെരഞ്ഞെടുത്തതും വിധികര്‍ത്താക്കളെ കൊണ്ടുവന്നതും യുവജനക്ഷേമ വകുപ്പാണെന്ന് കുസും വിദ്യാലയ അഡ്മിനിസട്രേറ്റര്‍ അറിയിച്ചു. തങ്ങള്‍ മത്സരത്തിന് വേദിയൊരുക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.