കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിന്; ഈ ഘട്ടത്തില്‍ ആരുടെയും ഭൂമി ഏറ്റെടുക്കില്ല, കല്ലിടല്‍ തുടരുമെന്ന് കെ-റെയില്‍ എംഡി

 | 
Ajithkumar K Rail

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിനായാണ് കല്ലിടല്‍ നടത്തുന്നതെന്ന് കെ-റെയില്‍ എംഡി വി.അജിത് കുമാര്‍. ഈ ഘട്ടത്തില്‍ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും കല്ലിടലുമായി മുന്നോട്ടു പോകുമെന്നും അജിത്കുമാര്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരില്‍ കല്ലിടല്‍ നിര്‍ത്തിവെക്കില്ല. തടസമുണ്ടായാല്‍ അത് മാറ്റേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഭൂമിയേറ്റെടുക്കലല്ല ഇപ്പോള്‍ നടന്നു വരുന്നത്. അതിന്റെ പ്രാഥമിക പ്രവര്‍ത്തനമായ സാമൂഹികാഘാത പഠനമാണ്. കല്ല് പിഴുതു മാറ്റുന്നിടത്ത് പുതിയ കല്ലിടും. രണ്ടു മാസം കൊണ്ട് കല്ലിടല്‍ പൂര്‍ത്തിയാക്കാനാകും. സാമൂഹികാഘാത പഠനം മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാം. എന്നാല്‍ തടസങ്ങളുണ്ടായാല്‍ അതിനനുസരിച്ച് താമസം വരും. 

നിലവിലുള്ള നിയമം അനുസരിച്ചാണ് കല്ലിടുന്നത്. തങ്ങളുടെ ഭൂമിയെ ബാധിക്കുമോ എന്ന് കല്ലിട്ടാലേ ആളുകള്‍ക്ക് അറിയാന്‍ സാധിക്കൂ. അതുകൊണ്ട് കല്ലിടല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.