സുധാകരന്റെ ജീവന്‍ ഭിക്ഷ; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസംഗം വിവാദത്തില്‍

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്‍. സുധാകരന്റെ ജീവന്‍ തങ്ങള്‍ നല്‍കുന്ന ഭിക്ഷയാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് പറഞ്ഞു. ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് ഇതെന്നും വര്‍ഗീസ് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു.
ചെറുതോണിയില്‍ നടന്ന പരിപാടിയില്‍ വര്‍ഗീസ് നടത്തിയ പ്രസംഗമാണ് വിവാദമായത്. 'പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്‍കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല എന്നായിരുന്നു പരാമര്‍ശം.
ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിന്റെ കൊലപാതകത്തിന് ശേഷം പ്രതിയായ നിഖില്‍ പൈലിയെ സുധാകരന്‍ ന്യായീകരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു വര്‍ഗീസിന്റെ പ്രസംഗം.