സിഎഎ സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുളള യുപി സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി

 | 
supreme court of india

സിഎഎ സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടീസുകള്‍ പിന്‍വലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പിന്‍വലിച്ചില്ലെങ്കില്‍ നോട്ടീസുകള്‍ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

സമരങ്ങളില്‍ പങ്കെടുത്തവര്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് നഷ്ടം ഈടാക്കുന്നതിനായാണ് സംസ്ഥാനത്തെ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാതിക്കാരിനെയും പ്രോസിക്യൂട്ടറെയും വിധികര്‍ത്താവിനെയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഫെബ്രുവരി 18നകം നോട്ടീസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. 833 പേരാണ് പ്രതികള്‍. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇതില്‍ 236 നോട്ടീസുകളില്‍ ഉത്തരവിറക്കി കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 

കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി സ്ഥാപിച്ച ക്ലെയിം ട്രൈബ്യൂണലുകളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ചത്. ട്രൈബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് 2009-ലും 2018-ലും പുറപ്പെടുവിച്ച വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും സ്വത്തു കണ്ടുകെട്ടല്‍ നടപടിയുമായി മുന്നോട്ടു പോകണമെങ്കില്‍ നിയമം പാലിക്കണമെന്നും കോടതി പറഞ്ഞു.