സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും ​​​​​​​

 | 
Swapna Suresh

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. മാധ്യമങ്ങളിലൂടെ എം.ശിവശങ്കറിന് എതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്‌നയുടെ ശബ്ദരേഖ മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ചാണെന്ന വെളിപ്പെടുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം തേടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്‌നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു സ്വപ്‌ന ജയിലിലായിരിക്കെ പുറത്തുവന്ന ശബ്ദരേഖ. ഈ ശബ്ദരേഖയ്ക്ക് പിന്നില്‍ ശിവശങ്കറാണെന്ന് സ്വപ്‌ന ചാനലുകളില്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ച് ഇഡി സ്വപ്‌നയുടെ മൊഴിയെടുത്തിരുന്നു. ഫോണ്‍ നല്‍കി ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് സ്വപ്‌ന അന്ന് പറഞ്ഞത്.