പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരം; കേന്ദ്രാനുമതി വേഗം ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

 | 
Pinarayi Vijayan

സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി. ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫും കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ ഇന്ന് സന്ദര്‍ശിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ പ്രധാനമന്ത്രി അതീവ താല്‍പര്യത്തോടെ കേട്ടുവെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും ഇക്കാര്യത്തില്‍ എന്താണ് ചെയ്യാനാകുകയെന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.