മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധന ബലപ്പെടുത്തലിന് ശേഷം മതിയെന്ന് തമിഴ്‌നാട്

 | 
Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തുന്നത് ബലപ്പെടുത്തലിന് ശേഷം മതിയെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തമിഴ്‌നാട് അറിയിച്ചു. 

അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ സമയമായെന്ന് കേരളമാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇതിന് മറുപടിയാണ് തമിഴ്‌നാട് നല്‍കിയിരിക്കുന്നത്. 2021ലാണ് നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ നടത്തണം. നിയമം പാസാക്കി 5 വര്‍ഷത്തിനുള്ളില്‍ ആദ്യ പരിശോധന നടത്തിയാല്‍ മതിയാകും. 

അതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഇനിയും നാലു വര്‍ഷം കൂടി ബാക്കിയുണ്ട്. അണക്കെട്ടിന്റെ ഉടമസ്ഥരായ തമിഴ്‌നാടിനാണ് സുരക്ഷാ പരിശോധന നടത്താനുള്ള അവകാശമെന്നും തമിഴ്‌നാട് പറയുന്നു. 2006ലും 2014ലും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളില്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബേബി ഡാമും പ്രധാന അണക്കെട്ടും ബലപ്പെടുത്താനുള്ള നടപടികള്‍ കേരളം തടസപ്പെടുത്തുകയാണെന്നും തമിഴ്‌നാട് പറയുന്നു.