ഉക്രൈനില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും

 | 
Ukraine Rescue

ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഉക്രൈനില്‍ നിന്നും ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള  യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.