നിമിഷ പ്രിയയ്ക്ക് അപ്പീല്‍ നല്‍കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രം

 | 
Nimisha Priya

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് അപ്പീല്‍ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി ഇന്ത്യന്‍ സംഘത്തിന് യാത്രാനുമതി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. 

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ നിമിഷ പ്രിയ യെമനിലെ അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞയാഴ്ചയാണ് തള്ളിയത്. വധശിക്ഷ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ നിമിഷയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാം. ഇതിനായി സഹായം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിഭാഷപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കും. 

2016 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ക്ക് യെമനില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതിനാലാണ് വിലക്കില്‍ ഇളവനുവദിച്ച് ഇന്ത്യന്‍ സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നിമിഷയുടെ ബന്ധുക്കള്‍ക്കോ നിമിഷയുടെ ശിക്ഷയില്‍ ഇളവിന് വേണ്ടി ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. 

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നഴ്‌സായിരുന്ന നിമിഷ പ്രിയയ്ക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് പറഞ്ഞ് ഒപ്പം ചേര്‍ന്ന തലാല്‍ തന്റെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ ശേഷം ഭാര്യയായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്ന് നിമിഷ പ്രിയ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ക്ലിനിക്കിലെ ജീവനക്കാരുടെ സഹായത്തോടെ തലാലിന് അമിത ഡോസ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കെട്ടിടത്തിന്റെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നുമായിരുന്നു കേസ്.