വിമതരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് ശിവസേന
മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ സർക്കാർ. 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണറുടെ മുമ്പിൽ നിൽക്കെയാണ് വോട്ടെടുപ്പ് നടത്തുന്നതിനെതിരെ മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.