ഇന്ത്യയുടെ നിലപാടില്‍ കടുത്ത നിരാശയെന്ന് ഉക്രൈന്‍ സ്ഥാനപതി

 | 
Polikh

റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ കടുത്ത നിരാശയെന്ന് ഉക്രൈന്‍ സ്ഥാനപതി ഇഗോര്‍ പോലിഖ. വിഷയം റഷ്യയുമായി സംസാരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ഉക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനപതിയെ അയച്ചാണ് ഉക്രൈന്‍ ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യയുടെ ശക്തമായ സ്വരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നും ഉക്രൈന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണമെന്നായിരുന്നു പോലിഖ ആവശ്യപ്പെട്ടത്. അതേസമയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഉക്രൈന്‍ സ്ഥാനപതിക്ക് നല്‍കിയ മറുപടി. ഈ നിലപാടില്‍ നിരാശയുണ്ടെന്നാണ് പോലിഖ വ്യക്തമാക്കിയത്. ഇപ്പോള്‍ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറുകണക്കിനും ആയിരക്കണക്കിനും ആളുകള്‍ കൊല്ലപ്പെട്ടാലും കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു. 

ഈ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് കൂടുതല്‍ അനുകൂലമായ നിലപാടാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സഹായമാണ് അഭ്യര്‍ത്ഥിക്കുന്നത്. റഷ്യയുമായി പ്രത്യേക ബന്ധമുള്ള ഇന്ത്യയുടെ കൂടുതല്‍ സജീവമായ ഇടപെടല്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.