വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്നയാളെ മഹാരാഷ്ട്രയില്‍ കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി

 | 
Vinod Kumar

വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്നയാളെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. കല്ലുകെട്ടി കിണറ്റില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഒട്ടേറെ കേസുകളില്‍ പ്രതിയായ വിനോദ് കുമാര്‍ ഇവിടെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചു. സംഭവത്തോട് അനുബന്ധിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

വരാപ്പുഴ പീഡനക്കേസില്‍ വിനോദ് കുമാര്‍ ഉള്‍പ്പെടെ 5 പേരെ തെളിവിന്റെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. 2011 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വരാപ്പുഴ പീഡനക്കേസില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പട്ടികയില്‍ ആദ്യമായി പേര് നേടിയ വനിത ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. കേസില്‍ ശോഭാ ജോണും മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജയരാജന്‍ നായര്‍ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു.