ഉക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യസംഘം ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍

 | 
Indian Students Rescue

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അതിര്‍ത്തി രാജ്യമായ റൊമേനിയയില്‍ എത്തിയ ആദ്യ സംഘം ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍ എത്തി. മൂന്ന് ബസുകളിലായി 240 പേരാണ് ബുക്കാറസ്റ്റില്‍ എത്തിയത്. ഇവരെ പരിശോധിച്ചതിന് ശേഷം വിമാനത്താവളത്തിലേക്ക് കടത്തിവിടും. മലയാളി വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. 

പോളണ്ട് അതിര്‍ത്തിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പോളണ്ട് അതിര്‍ത്തിയില്‍ രണ്ടു പോയിന്റുകളിലൂടെ മാത്രമേ ഇന്ത്യക്കാരെ പ്രവേശിപ്പിക്കൂ. എംബസി അധികൃതര്‍ ഈ പോയിന്റുകളില്‍ മാത്രമേയുള്ളു എന്നാണ് വിശദീകരണം. ഇതേത്തുടര്‍ന്ന് കൊടുംതണുപ്പില്‍ കിലോമീറ്ററുകള്‍ നടന്നെത്തിയ നിരവധി പേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുന്നത്. 

അനുവാദമുള്ള രണ്ടു പോയിന്റുകളില്‍ മാത്രമേ ഇന്ത്യക്കാര്‍ എത്താവൂ എന്നും രാത്രിയില്‍ എത്തുന്നത് ഒഴിവാക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി നല്‍കുന്ന നിര്‍ദേശം. എംബസിയുടെ അനുമതിയോടെ മാത്രമേ അതിര്‍ത്തികളിലേക്ക് എത്താവൂ എന്നും നിര്‍ദേശമുണ്ട്.