സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാം; സില്‍വര്‍ലൈനിന് എതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പദ്ധതിയില്‍ സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സില്‍വര്‍ലൈനിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കാട്ടി സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് കോടതി തള്ളിയത്.
സില്‍വര്‍ലൈന്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇല്ലാതെ പദ്ധതിനിര്‍വഹണമോ ഭൂമി ഏറ്റെടുക്കലോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നുമായിരുന്നു ഹര്‍ജികളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ സാധാരണ റെയില്‍വേ പദ്ധതിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രത്യേക റെയില്‍വേ പദ്ധതിയാണെങ്കില്‍ ഇതു സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കണം. അങ്ങനെയല്ലാത്തതു കൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കാനും പദ്ധതി നിര്‍വഹണത്തിനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.