ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട ഉത്തരവിനെതിരെ കന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍

 | 
Franco Mulakkal

കന്യാസ്ത്രീ പീഡനക്കേസില്‍ ഹൈക്കോടതില്‍ അപ്പീല്‍. ഇരയായ കന്യാസ്ത്രീയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കി. 

കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. കേസില്‍ തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് അപ്പീലില്‍ കന്യാസ്ത്രീ വാദിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി മാത്രം കണക്കിലെടുത്ത് ശിക്ഷ വിധിക്കാനാവില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്. 

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്നാണ് കേസ്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചുവെങ്കിലും ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു വിധി.