സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ചുവെന്ന് പ്രതിപക്ഷനേതാവ്
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ പുതിയ രാഷ്ട്രീയ വിവാദം. വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പോലീസ് അനധികൃതമായി ഇടപെട്ടു. ഇതിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ലെന്ന ശബ്ദസന്ദേശം നേരത്തേ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രിയെ ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ഒരു വനിതാ പോലീസുകാരിയെ ചുമതലപ്പെടുത്തി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രതിയെക്കൊണ്ട് വായിപ്പിക്കുകയായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു. മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം നേരത്തേ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
ലൈഫ് മിഷനില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്. ലോക്കറിലുണ്ടായിരുന്നത് ലൈഫ് മിഷനില്‍ കമ്മീഷന്‍ കിട്ടിയ തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്ന് വ്യക്തമായി. ഇക്കാര്യത്തില്‍ എന്താണ് മുഖ്യമന്ത്രിക്ക് പറയാനുള്ളതെന്ന് അറിയാനായി കാത്തിരിക്കുകയാണെന്നു സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.