ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം നിസംഗമായി കേട്ട് ഭരണപക്ഷം, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഗവര്‍ണറുടെ പ്രസംഗത്തില്‍ കേന്ദ്ര വിമര്‍ശനവും

 | 
Policy

ബജറ്റ് സമ്മേളനത്തലേന്ന് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോട് നിസംഗമായി പ്രതികരിച്ച് ഭരണപക്ഷം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും സാധാരണ മട്ടിലുള്ള ഡെസ്‌കില്‍ ഇടിച്ചുള്ള പ്രതികരണം പോലും ഭരണപക്ഷത്തു നിന്ന് ഉണ്ടായില്ല. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു. സഭയില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. 

നാടകീയമായ സംഭവവികാസങ്ങള്‍ക്ക് ഒടുവിലാണ് വ്യാഴാഴ്ച രാത്രി ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. നയപ്രഖ്യാപനം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഉപാധി വെച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇക്കാര്യത്തില്‍ പിന്നോട്ടുപോകാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. 

പിന്നീട് ബിജെപി നേതാവായ ഹരി എസ്. കര്‍ത്തായെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിയോജനക്കുറിപ്പ് എഴുതിയ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ സ്ഥാനത്തു നിന്ന് നീക്കിയതായി സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.