നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം

 | 
Martin Antony

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം. സുപ്രീം കോടതിയാണ് മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട പുതിയ ഗൂഢാലോചനാക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് എ.എസ്.ഓക് എന്നിവരുടെ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. 

കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ലെന്നും മാര്‍ട്ടിന്‍ 5 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനാല്‍ മാര്‍ട്ടിനും ജാമ്യത്തിന് അര്‍ഹനാണ്. ഗൂഢാലോചനാക്കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം പുറത്തു കൊണ്ടുവരട്ടെ. എന്നാല്‍ മാര്‍ട്ടിന്റെ ജാമ്യാപേക്ഷയ്ക്ക് പുറത്തേക്കുള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. 

ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട ദിവസം നടിയുടെ വാഹനം ഓടിച്ചത് മാര്‍ട്ടിനായിരുന്നു. കേസില്‍ മാര്‍ട്ടിന് പങ്കില്ലായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെടുക പോലും ഉണ്ടാകുമായിരുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. 

മാര്‍ട്ടിന് ജാമ്യം നല്‍കിയാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിക്കുമെന്നും സംസ്ഥാനം വാദിച്ചു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.