ടാങ്കിലെ വെള്ളം ചോര്‍ത്തി, അയല്‍ വീട്ടിലെയും വൈദ്യുതി വിച്ഛേദിച്ചു; ചീനിക്കുഴി കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് നിഗമനം

 | 
Cheenikkuzhy Murder

മകനെയും കുടുംബത്തെയും വകവരുത്താന്‍ ചീനിക്കുഴിയിലെ ഹമീദ് കൃത്യമായ ആസൂത്രണം നടത്തിയെന്ന് നിഗമനം. വീട് പുറത്തു നിന്നു പൂട്ടുകയും വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളം പൂര്‍ണ്ണമായി തുറന്നു വിടുകയും ചെയ്ത ഹമീദ് തീ പടര്‍ന്നാല്‍ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു. ഫ്രിഡ്ജിനുള്ളിലെ വെള്ളം പോലും ഇയാള്‍ എടുത്തു മാറ്റിയിരുന്നുവെന്നാണ് വിവരം. 

വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും വിച്ഛേദിച്ച ശേഷമാണ് ഇയാള്‍ വീടിന് തീയിട്ടത്. അയല്‍ വീട്ടിലെ പമ്പിലേക്കുള്ള വൈദ്യുതി കണക്ഷനും ഇയാള്‍ വിച്ഛേദിച്ചിരുന്നു. മകനും കുടുംബവും രക്ഷപ്പെടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. തീപടര്‍ന്നതായി അയല്‍വാസിയായ രാഹുലിനെ വിളിച്ച് അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസല്‍ തന്നെയാണ്. 

രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ രാഹുലിനെ ഹമീദ് തള്ളി മാറ്റി. വീണ്ടും ഇയാള്‍ വീട്ടിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. വീടിനുള്ളിലേക്ക് കയറിയെങ്കിലും തീ പടര്‍ന്നതിനാല്‍ തനിക്ക് ഒന്നും ചെയ്യാനായില്ല. രക്ഷപ്പെടാനായി ഫൈസലും ഭാര്യയും കുട്ടികളും ശുചിമുറിയില്‍ കയറുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്.