മരണമില്ലാത്ത ഇത്രയും മഹാരഥന്‍മാര്‍ ഒന്നിച്ച മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല; സ്ഫടികം വീണ്ടും തീയേറ്ററിലേക്ക്

ആടുതോമയും ചെകുത്താന്‍ ലോറിയും വീണ്ടും തീയേറ്ററിലേക്ക്. സ്ഫടികം വീണ്ടും തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിക്കുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചു. ഡിജിറ്റല്‍ റെസ്‌റ്റൊറേഷന്‍ നടത്തിയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഭദ്രന്‍ അറിയിച്ചത്. മരണമില്ലാത്ത ഇത്രയും മഹാരഥന്‍മാര്‍ ഒന്നിച്ച മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ലെന്ന് ഭദ്രന്‍ പറയുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച കെപിഎസി ലളിത സ്ഫടികത്തിന്റെ പുതിയ പതിപ്പ് എന്നാണ് തനിക്ക് തീയേറ്ററില്‍ കാണാന്‍ കഴിയുകയെന്ന് തന്നോട് പലവട്ടം ചോദിച്ചിരുന്നു. ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനുമെന്നും ഭദ്രന്‍ കുറിച്ചു.
പൊലിഞ്ഞു പോയവരുടെ ഓര്‍മയ്ക്കായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതെന്നും പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ അന്തരിച്ച തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍.എഫ്. വര്‍ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാഗ്രാഹകന്‍ ജെ. വില്യംസ്, എഡിറ്റര്‍ എം.എസ്. മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ തുടങ്ങിയവരെയും വീഡിയോയില്‍ അനുസ്മരിക്കുന്നു.