തിരുവനന്തപുരത്ത് യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് പിടിയില്‍

 | 
Gayathri

തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം പരവൂരില്‍ നിന്നാണ് പ്രവീണിനെ കസ്റ്റഡിയില്‍ എടുത്തത്. 

ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീണ്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇയാള്‍ നേരത്തേ വിവാഹിതനാണ്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ ഡ്രൈവറായിരുന്നു. എട്ടു മാസം മുന്‍പ് ഗായത്രിയും ഇവിടെ ജോലി ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. വൈകുന്നേരത്തോടെ പുറത്തു പോയ പ്രവീണ്‍ പിന്നെ മടങ്ങിയെത്തിയില്ല. 

പിന്നീട് ഇയാള്‍ തന്നെ മുറിക്കുള്ളില്‍ ഗായത്രിയുടെ മൃതദേഹമുണ്ടെന്ന് റിസപ്ഷനില്‍ വിളിച്ചു പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.