പീഡനദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയില്‍
പീഡനദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ നടി ചൂണ്ടിക്കാട്ടുന്നു. തന്റെ സ്വകാര്യതയാണ് ഇതിലൂടെ ഹനിക്കപ്പെട്ടത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച താന്‍ നേരിടുന്നത് കടുത്ത അനീതിയാണെന്നും കത്തില്‍ നടി വ്യക്തമാക്കി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ചോര്‍ന്നതെന്ന് സംസ്ഥാന ഫോറന്‍സിക് വിഭാഗം വിചാരണക്കോടതിയില്‍ സ്ഥിരീകരിച്ചിരുന്നു. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായി ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ പരിശോധിച്ചതില്‍ നിന്ന് മനസിലായിരുന്നു.
സീല്‍ ചെയ്ത കവറില്‍ അന്വേഷണസംഘം കൈമാറിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്നത് ഗുരുതരമായ പിഴവാണ്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.