ഹിജാബ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വീറ്റ്; കന്നഡ സിനിമാ താരം അറസ്റ്റില്‍
കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്ത കന്നഡ സിനിമാ താരം ചേതന്‍ കുമാര്‍ അഹിംസ അറസ്റ്റില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അറസ്റ്റ്. ഹിജാബ് കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എസ്.ദീക്ഷിതിന് എതിരെയായിരുന്നു ചേതന്‍ കുമാറിന്റെ ട്വീറ്റ്.
2020 ജൂണ്‍ 27ന് ജസ്റ്റിസ് ദീക്ഷിതിന് എതിരെ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു താരം. ബലാല്‍സംഗക്കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ദീക്ഷിത് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ട്വീറ്റ്. ബലാല്‍സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി വ്യക്തത ആവശ്യമുണ്ടോ എന്നായിരുന്നു നടന്റെ ട്വീറ്റില്‍ പറയുന്നത്.
ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബംഗളൂരു സിറ്റി പോലീസിന്റെ നടപടി. ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.എന്‍.അനുചേത് പറഞ്ഞു. ഐപിസി 505(2), 504 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.