തിരിച്ചടിച്ച് ഉക്രൈന്‍; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും വീഴ്ത്തിയെന്ന് സൈന്യം

 | 
War

ആക്രമണം നടത്തുന്ന റഷ്യക്ക് തിരിച്ചടി നല്‍കിയതായി ഉക്രൈന്‍. റഷ്യ വ്യോമ, മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ തങ്ങളും തിരിച്ചടിച്ചതായാണ് ഉക്രൈന്‍ സൈന്യം അറിയിച്ചത്. അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ച് വീഴ്ത്തിയതായി ഉക്രൈന്‍ സൈന്യം അറിയിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. 

ശക്തമായ തിരിച്ചടിക്കുമെന്ന് ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ആരും ഒളിച്ചോടാന്‍ പോകുന്നില്ല. റഷ്യയാണ് ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ലോകരാജ്യങ്ങള്‍ തടയണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ചതോടെ ഉക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെയാണ് ഉക്രൈനില്‍ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുമതി നല്‍കിയത്. തൊട്ടുപിന്നാലെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. എന്നാല്‍ സൈനിക കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കൂ എന്നാണ് റഷ്യ അവകാശപ്പെടുന്നത്.