കൊടുങ്കാറ്റായി ഉമ്രാൻ മാലിക്; അതുക്കും മേലെ റാഷിദ് ഖാൻ, ആവേശകരമായ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് ഒന്നാമത്
തോൽവിയുടെ വക്കത്തു നിന്നും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും ഐപിഎല്ലിൽ ഗുജറാത്തിന് അത്ഭുതകരമായ വിജയം സമ്മാനിച്ചു. 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസർ ഉമ്രാൻ മാലിക്ക് കൊടുങ്കാറ്റായപ്പോൾ ഹൈദരാബാദ് വിജയം ഉറപ്പിച്ചതാണ്. അവസാന ഓവറിൽ ജയിക്കാൻ ടൈറ്റൻസിന് വേണ്ടത് 23 റൺസ്. മാർക്കോ യാൻസൺ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തി തെവാത്തിയ പ്രതീക്ഷ നൽകി. മൂന്നാമത്തേയും അഞ്ചാമത്തേയും ആറാമത്തേയും പന്ത് സിക്സർ പറത്തി റാഷിദ് ഖാൻ ടീമിനെ വിജയിപ്പിച്ചു.
ചേസിംഗിന്റെ തുടക്കം ഗുജറാത്ത് മികച്ചതാക്കി. പവർപ്ലേ ഓവറുകളിൽ 59 റൺസാണ് അവർ എടുത്തത്. അതിൽ തന്നെ വൃദ്ധിമാൻ സാഹ ആയിരുന്നു കൂടുതൽ ആക്രമണകാരി. പക്ഷെ ഉമ്രാൻ മാലിക്ക് വന്നതോടെ കളി തിരിഞ്ഞു.
25 റൺസ് വഴങ്ങി ഗുജറാത്ത് ടൈറ്റൻസിലെ അഞ്ച് മുൻനിര ബാറ്റർമാരെയാണ് മാലിക്ക് പുറത്താക്കിയത്. അതിൽ നാലും ക്ലീൻ ബൗൾഡ്. പേസ് ബൗളിംഗിന്റെ മനോഹരമായ മുഹൂർത്തങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ കാഴ്ച്ചവച്ച ഹൈദരബാദ് യുവ പേസർ ഗുജറാത്ത് ടൈറ്റൻസിനെ വിറപ്പിച്ചു . എന്നാൽ മറ്റ് ബൗളർമാർക്ക് മാലിക്കിനൊപ്പം നിൽക്കാനായില്ല.
വിജയ പ്രതീക്ഷയുമായി കുതിക്കുകയായിരുന്ന ടൈറ്റൻസിലെ ബാറ്റർമാരായ ശുഭ്മാൻ ഗിൽ ( 22 പന്തിൽ 24 റൺസ്), വൃദ്ധിമാൻ സാഹ ( 38 പന്തിൽ 68 ), ഹർദിക് പാണ്ഡ്യ ( 6 പന്തിൽ 10), ഡേവിഡ് മില്ലർ ( 19 പന്തിൽ 17) , അഭിനവ് മനോഹർ( 1 പന്തിൽ 0) എന്നിവരെയാണ് മാലിക്ക് പുറത്താക്കിയത്. അതിൽ പാണ്ഡ്യ ഒഴികെയുള്ളവർ ക്ലീൻ ബൗൾഡായി. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുൽ തെവാത്തിയ- റാഷിദ് ഖാൻ സഖ്യം പ്രതിസന്ധി മറികടന്നു. തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി. റാഷിദ് ഖാൻ 11 പന്തിൽ 31 റൺസും എടുത്തു.
നേരത്തെ ഓപ്പണർ അഭിഷേക് ശർമ്മയും ( 42 പന്തിൽ 65 ), എയ്ഡൻ മാർക്രവും ( 40 പന്തിൽ 56 ) ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചെങ്കിലും 6 പന്തിൽ 25 റൺസ് അടിച്ച ശശാങ്ക് സിംഗാണ് സ്കോർ 195ൽ എത്തിച്ചത്. 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ബോളിംഗിൽ തിളങ്ങി.
ജയത്തോടെ രാജസ്ഥാനെ മറികടന്ന് ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. 8 കളിയിൽ 7 ജയവുമായി 14 പോയിന്റ് അവർക്കുണ്ട്. രണ്ടാം സ്ഥാനത്തുള്ള ആർആറിന് 8 കളിയിൽ നിന്നും 6 ജയവുമായി 12 പോയിന്റാണ് ഉള്ളത്. വ്യാഴാഴ്ച്ച ഡൽഹി, കൊൽക്കത്തയെ നേരിടും