കേരള വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 | 
Yogi

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്തുവന്നു. യുപി  തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദേഹം പറഞ്ഞത്. ചിലർ ബംഗാളിൽ നിന്ന് വന്ന് യുപിയിൽ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതിൽ ജാഗ്രത പുലർത്തണമെന്നും നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താൻ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ആദിത്യനാഥ് പറഞ്ഞു.

പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമ സംഭവങ്ങളേയും യോഗി ഉയർത്തിക്കാട്ടി. 'ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർ അക്രമത്തിനിരയായി. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം ഉച്ചസ്ഥായിയിൽ എത്തി. നിരവധിപേർ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ടോ?', യോഗി ചോദിച്ചു.

ഉത്തർപ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പും ബംഗാൾ തിരഞ്ഞെടുപ്പും അദ്ദേഹം താരതമ്യം ചെയ്യുകയുമുണ്ടായി. 'യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂർത്തിയായത്. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടർന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം ഇവിടെ നടന്നോ', യോഗി ചോദിച്ചു.

ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന തന്റെ സർക്കാരിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള യോഗിയുടെ മറുപടി ഇങ്ങനെയായിരുന്നു-

'ഈ അഞ്ചുവർഷം ഏതെങ്കിലും ആഘോഷങ്ങൾ നടത്തുന്നതിൽ തടസ്സമുണ്ടായോ?, ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ ആഘോഷങ്ങൾ സമാധാനത്തോടെ നടത്തി. ഹിന്ദുക്കൾ ഇവിടെ സുരക്ഷിതരാണ്. അവർക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങൾ എല്ലാവർക്കും സുരക്ഷ നൽകുന്നു. എല്ലാവർക്കും സമൃദ്ധിയും എല്ലാവർക്കും ബഹുമാനവും നൽകുന്നു. പക്ഷേ, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല', യോഗി പറഞ്ഞു.