വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് വി.ഡി സതീശൻ; കെ.എസ്.ഇ.ബി ചെയര്‍മാന്റെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രി മറുപടി പറയണം

 | 
v d satheeshan

വൈദ്യുതി ബോര്‍ഡില്‍ കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമേക്കേടും ഉണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെയര്‍മാന്റേത് ഗുരുതരമായ അരോപണങ്ങളാണ്.  ഹൈഡല്‍  ടൂറിസത്തിന്റെ മറവില്‍ കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. ഇതിലൂടെ ബോര്‍ഡിന് കോടികളുടെ നഷ്ടമാണുണ്ടായത്തെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ ഭൂമി സി.പി.എം സംഘങ്ങള്‍ക്ക് വിട്ടുകൊടുത്തത്. ആറായിരത്തോളം നിയമനങ്ങള്‍ക്ക് ഇപ്പോഴും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ല. വാട്‌സാപ് സന്ദേശം വഴി ഒരു വിഭാഗം ജീവനക്കാര്‍ക്ക് നിയമനം നല്‍കിയെന്ന വിചിത്രമായ വസ്തുതയും പുറത്തുവന്നിട്ടുണ്ട്. വൈദ്യതി ബോര്‍ഡ് വിളിക്കാന്‍ പോകുന്ന കരാറിന്റെ വിശദാംശങ്ങള്‍ എന്‍ജിനീയര്‍മാര്‍ തന്നെ കരാറുകാര്‍ക്ക് ചോര്‍ത്തി കൊടുത്തെന്നു വരെ ചെയര്‍മാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ട്രാന്‍സ് ഗ്രിഡുമായി ബന്ധപ്പെട്ട് നടന്നത് ഏറ്റവും വലിയ അഴിമതിയാണ്. പ്രതിപക്ഷത്തിന്റെ അന്നത്തെ ആരോപണം ഇപ്പോള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഇപ്പോള്‍ ശെരി വച്ചിരിക്കുകയാണ്‌.  ടെന്‍ഡര്‍ വിവരങ്ങള്‍ എന്‍ജിനീയര്‍മാര്‍ തന്നെ ചോര്‍ത്തിക്കൊടുത്ത് ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടാക്കി. ഇക്കാര്യങ്ങളൊക്കെ പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷമോ  മാധ്യമങ്ങളോ അല്ല. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെയാണ് ഗുരുതരമായ ഈ വിഷയങ്ങള്‍ പരസ്യമായി പറഞ്ഞത്. വൈദ്യതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവച്ചാണ് ബോര്‍ഡിനുണ്ടായ കോടികളുടെ ഈ നഷ്ടം നികത്താന്‍ പോകുന്നത്.

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ 2016 മുതല്‍ മൂന്നു കമ്പനികളില്‍ നിന്നും 580 മെഗാവാട്ട് വൈദ്യുതി വീതമാണ് ബോര്‍ഡ് വാങ്ങിക്കൊണ്ടിരിക്കുന്നത്. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ മൂന്ന് സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിവര്‍ഷം 600 കോടിരൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബോര്‍ഡില്‍ അഞ്ചര വര്‍ഷമായി നടക്കുന്നത് കടുത്ത അഴിമതിയാണെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണം. ചെയര്‍മാന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ചാണ് സിവില്‍ സര്‍വീസ് കേഡറിലുള്ള ചെയര്‍മാന്‍ ഉത്തരവാദിത്തത്തോടെ വെളിപ്പെടുത്തിയിരിക്കുന്നത്. 

ചെയര്‍മാന്‍ പറഞ്ഞ ഒരു ആരോപണവും നിലവിലെ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. ഇതെല്ലാം സര്‍ക്കാരിന് മുന്നിലുള്ള കാര്യങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. മുന്‍ മന്ത്രിയാണ് ചെയര്‍മാനെ തള്ളിപ്പറഞ്ഞത്. ട്രാന്‍സ് ഗ്രിഡ് ആരോപണം നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മുന്‍ വൈദ്യുതി മന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. പുതിയ മന്ത്രി അറിഞ്ഞുകൊണ്ടാണോ ചെയര്‍മാന്റെ വെളിപ്പെടുത്തലെന്നു വ്യക്തമാക്കണമെന്നാണ് പഴയ മന്ത്രി പറയുന്നത്. നിലവിലെ വൈദ്യുതി മന്ത്രിയെ പഴയ മന്ത്രി ഭീഷണിപ്പെടുത്തുകയാണ്. എം.എം മണി കൃഷ്ണന്‍കുട്ടിയെ വിരട്ടുകയാണ്. 

കെ.എസ്.ഇ.ബിയില്‍ സി.ഐ.ടിയു നേതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരത്തെ കുറിച്ച് സര്‍ക്കാരാണ് വിശദീകരിക്കേണ്ടത്. ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ ബോര്‍ഡിലെ അഴിമതിയെ കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. അഴിമതി തടയാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ തിരിഞ്ഞതെന്നാണ് ചെയര്‍മാന്‍ പറയുന്നത്. സമീപകാലത്തൊന്നും കേള്‍ക്കാത്ത തരത്തിലുള്ള ആരോപണമാണ് ചെയര്‍മാന്‍ ഉന്നയിച്ചിരിക്കുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫീസല്ല. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ആര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.