വന്ദേഭാരത് ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗതയേ ഉണ്ടാകൂ; കേരളത്തില്‍ പരമാവധി 110 കിലോമീറ്ററേ സാധിക്കൂവെന്ന് അലോക് വര്‍മ

 | 
KRail

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ക്ക് പരമാവധി 160 കിലോമീറ്റര്‍ വേഗതയേ ഉണ്ടാകൂ എന്ന് സില്‍വര്‍ലൈന്‍ സാധ്യതാ പഠനം നടത്തിയ അലോക് വര്‍മ. തിരുവനന്തപുരം-കാസര്‍കോട് ലൈനില്‍ നിലവിലെ സ്ഥിതിയില്‍ 110 കിലോമീറ്റര്‍ വേഗത മാത്രമേ എടുക്കാന്‍ കഴിയൂ എന്നും അലോക് വര്‍മ പറഞ്ഞു. ട്രാക്കുകള്‍ നവീകരിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. 


വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിന് ബദലായേക്കാമെന്ന ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയായാണ് അലോക് വര്‍മ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളുടെ അലൈന്‍മെന്റില്‍ 30 ശതമാനം മാറ്റം വരുത്തിയാല്‍ മാത്രമേ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകൂ. ഇതിനായി 25,000 കോടി ചെലവഴിച്ച് നവീകരണം നടത്തണമെന്നും അലോക് വര്‍മ കൂട്ടിച്ചേര്‍ക്കുന്നു. 

വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് നിലവില്‍ രണ്ടു റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി- ഘട്ടാര റൂട്ടുകളില്‍ മാത്രമാണ് ഇവ. ഈ രണ്ട് റൂട്ടുകളിലും പരമാവധി 160 കിലോ മീറ്ററാണ് വേഗം. ചില സ്ഥലങ്ങളില്‍ 130 കിലോ മീറ്റര്‍ വേഗം മാത്രമേ സാധ്യമാകുന്നുള്ളുവെന്ന് കെ-റെയില്‍ ചൂണ്ടിക്കാണിക്കുന്നു.