വാവ സുരേഷ് ആശുപത്രി വിട്ടു; പാമ്പുപിടിത്തം മരണം വരെ തുടരും, തനിക്കെതിരെ ക്യാംപെയിനെന്ന് സുരേഷ്
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. 16 പ്രാവശ്യം പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരിചരണം ലഭിച്ചത് കോട്ടയത്തായിരുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു.
പാമ്പുപിടിത്തം മരണം വരെ തുടരുമെന്നും സുരേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാമ്പുപിടിത്തത്തിന്റെ ഇപ്പോഴുള്ള രീതി മാറുമോ എന്ന് പിന്നീട് തീരുമാനിക്കും. ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ സുരക്ഷിതമായ പാമ്പുപിടിത്തം എന്നൊക്കെ പറഞ്ഞ് ചില കഥകള്‍ ഇറങ്ങുന്നുണ്ട്. 2006ലാണ് വനംവകുപ്പിന് താന്‍ പരിശീലനം നല്‍കിയത്. അന്നൊന്നും മറ്റൊരു പാമ്പുപിടിത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോ എനിക്കെതിരെ ഒരു ക്യാംപെയിന്‍ നടക്കുന്നുണ്ട്. വനംവകുപ്പിലെ തന്നെ ഒരു ഓഫീസറാണ് അതിന് പിന്നില്‍. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. സത്യത്തില്‍ ഈ പണിയില്‍ ഒരു സുരക്ഷിതത്വവുമില്ല. ശാസ്ത്രീയമാണെന്ന് പറഞ്ഞ് നടക്കുന്നവരും പാമ്പ് കടിച്ച ശേഷം രഹസ്യമായി ട്രീറ്റ്മെന്റ് നടത്തിയത് എനിക്കറിയാം. ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നും ആരാധനയെന്ന് അതിനെ വിളിക്കരുതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.