വാവ സുരേഷിനെ ഐസിയുവില്‍ നിന്ന് മാറ്റി; ഓര്‍മ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്തു
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓര്‍മ്മശക്തിയും സംസാരശേഷിയും തിരികെ ലഭിച്ചതായി കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സുരേഷിനെ ഐസിയുവില്‍ നിന്ന് മാറ്റി. ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നടത്തിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വാവ സുരേഷിനെ വ്യാഴാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതിന് ശേഷം സംസാരിച്ച സുരേഷിന് ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടി നല്‍കി. ഇതോടെയാണ് ഓര്‍മശേഷി തിരികെ ലഭിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
തിങ്കളാഴ്ചയാണ് കുറിച്ചിയില്‍ വെച്ച് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.