സൺറൈസേഴ്സിനും ഗുജറാത്ത് ടൈറ്റൻസിനും വിജയം

 | 
Gt

ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിനെ തോൽപ്പിച്ചു ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സിന് തോൽപ്പിച്ചു സൺറൈസേഴ്സ് ഹൈദരാബാദും ഐപിഎല്ലിൽ ഞായറാഴ്ച വിജയം കുറിച്ചു. 

അവസാന ഓവർ വരെ ആവേശം നിറഞ്ഞ കളിയിൽ ഡേവിഡ് മില്ലറുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 16 റൺസ് എടുക്കുന്നതിനിടയിൽ 3 വിക്കറ്റ്‌ നഷ്ടമായ ഗുജറാത്തിന് ജീവൻ നൽകിയത് മില്ലർ ആണ്. ആറാം വിക്കറ്റിൽ താൽക്കാലിക നായകൻ റാഷിദ്ഖാനൊപ്പം നേടിയ 70 റൺസ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 51 പന്തിൽ 8 ഫോറും 6 സിക്‌സും ഉൾപ്പടെ 94 റൺസ് ആണ് മില്ലർ നേടിയത്.  റാഷിദ് ഖാൻ 21 പന്തിൽ 40 റൺസ് നേടി. 

ജയിക്കാൻ അവസാന ഓവറിൽ 13 റൺസ് എന്ന നിലയിൽ ആയിരുന്ന ഗുജറാത്ത് ഒരു പന്തും 3 വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തി ബ്രാവോ, 2 വിക്കറ്റ് നേടിയ തീക്ഷണ എന്നിവരുടെ പ്രകടനത്തിന് ചെന്നൈ ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ചെന്നൈ ആറിൽ അഞ്ചും തോറ്റപ്പോൾ ഗുജറാത്ത് ആറിൽ അഞ്ചും ജയിച്ചു.

നേരത്തെ 48 പന്തിൽ 73 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്വാദ്, 31 പന്തിൽ 46 റൺസ് നേടിയ അമ്പാട്ടി റായിഡു എന്നിവരുടെ മികവിൽ ആണ് ചെന്നൈ 5 വിക്കറ്റിന് 169 എന്ന സ്കോർ എടുത്തത്.

ഞായറാഴ്ച നടന്ന ആദ്യ കളിയിൽ ഉമ്രാൻ മാലിക്കിന്റെ ബൗളിംഗ് മികവിലാണ് ഹൈദരാബാദ്, പഞ്ചാബിനെതിരെ വിജയം നേടിയത്. 28 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി മാലിക്കും 22 ന് 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും ചേർന്ന് പഞ്ചാബിനെ 151ന് പുറത്താക്കി. 60 റൺസ് നേടിയ ലിവിങ്സ്റ്റൺ മാത്രമാണ് പിടിച്ചു നിന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് അഭിഷേക് ശർമ്മ(31), മാർക്രം(41*), നിക്കി പൂരൻ(35*), ത്രിപതി (34)എന്നിവരുടെ മികവിൽ 7 പന്ത് ബാക്കി നിൽക്കെ അനായാസ ജയം നേടി.