വെള്ളമുണ്ട ഇരട്ടക്കൊലക്കേസ്; പ്രതി വിശ്വനാഥന് വധശിക്ഷ
വെള്ളമുണ്ട ഇരട്ടക്കൊലക്കേസില്‍ പ്രതി കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി കലങ്ങോട്ടുമ്മല്‍ വിശ്വനാഥന് വധശിക്ഷ. കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.
2018 ജൂലായ് 6നായിരുന്നു ഇരട്ടക്കൊല നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. ആയിരുന്ന കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ദമ്പതികളെ പ്രതി അടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയായിരുന്നു.