ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയം എന്തിന്? ദിലീപിനെതിരായ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി

 | 
Dileep

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. ഒരാളുടെ മൊഴി അന്വേഷിക്കാന്‍ എന്തിനാണ് ഇത്ര സമയമെന്ന് കോടതി ചോദിച്ചു. ഇപ്പോള്‍ തന്നെ രണ്ടു മാസം പിന്നിട്ടു. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന് ഇനി എത്ര സമയം കൂടി വേണമെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണത്തിന് സമയപരിധി വെക്കുന്നതില്‍ തടസമില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാനുണ്ട്. തെളിവുകള്‍ എത്തിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. പ്രതികളുടെ ശബ്ദ സാംപിളുകള്‍ അടക്കം ശേഖരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കേസില്‍ ആക്രമണത്തിന് ഇരയായ നടിയെ കഴിഞ്ഞ ദിവസം കക്ഷിചേര്‍ത്തിരുന്നു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നാണ് നടിയുടെ ആവശ്യം.