മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നത്: പ്രതിപക്ഷ നേതാവ്

 | 
vd satheeshan

മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ യാത്രയും സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നത്? മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തില്‍ നാല്‍പ്പതിലധികം പൊലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പെടെ നാല്‍പ്പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് പോകുന്നത്. വഴിയില്‍ 20 മീറ്റര്‍ അകലം പാലിച്ച് പൊലീസുണ്ട്. ഏതു ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പൊലീസിനെയും മുഖ്യമന്ത്രിക്ക് വേണ്ടി നിയോഗിക്കേണ്ട സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. 300 മുതല്‍ 500 പൊലീസുകാരെയാണ് അധികമായി നിയോഗിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനെ പാടില്ല. കറുത്ത വസ്ത്രങ്ങളോ മാസ്‌കോ പാടില്ല. മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി പൂണെ മെട്രോ റെയില്‍ ഉദ്ഘാടനത്തിന് വന്നപ്പോഴാണ് ഇന്ത്യ ആദ്യമായി ഇത്തരമൊരു സുരക്ഷാ സംവിധാനം കണ്ടത്. അവിടെ കറുത്ത മാസ്‌കുകളും കണ്ണടകളും ഉദ്യോഗസ്ഥര്‍ മാറ്റി. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് കേരളത്തിലെ പിണറായി വിജയനെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി ചെയ്യുന്നതെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കേണ്ട എന്ത് സ്ഥിതിയാണ് ഇവിടെയുള്ളത്? 


മൂന്ന് മണിക്കൂറോളമാണ് പ്രധാന റോഡുകള്‍ അടച്ച് പൂട്ടുന്നത്. ആശുപത്രികളുടെ ഗേറ്റ് അടയ്ക്കുന്നു. കറുത്ത ചുരിദാര്‍ ധരിച്ചാല്‍ പൊലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്നു. പത്രപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും കറുത്ത മാസ്‌കുകള്‍ അഴിച്ച് മാറ്റുന്നു. ഇതൊന്നും കേട്ടു കേള്‍വിയില്ല. ഇത്രയും വലിയ സുരക്ഷാസംവിധാനത്തിന് നടുവില്‍ നിന്നാണ്, ഇത് ജനുസ് വേറെയാണ് കളി ഇങ്ങോട്ട് വേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നത്. കളി വേണ്ടെന്നും പിപ്പിടി വേണ്ടെന്നും ജനങ്ങളോട് സംസാരിക്കുന്നത് ഒരു മുഖ്യമന്ത്രിയാണോ? മുഖ്യമന്ത്രിയുടെ സന്നാഹം കണ്ട് ജനം സ്തബ്ധരായിരിക്കുകയാണ്. ജനങ്ങള്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും നല്ലത്. എല്ലാ ദിവസവും ഇങ്ങനെ പുറത്തിറങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും എല്ലാവരെയും ഭയമാണ്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാണ് കറുപ്പ് കാണുമ്പോള്‍ ഭയക്കുന്നത്. ഇനി കേരളത്തില്‍ കറുപ്പ് നിറം കൂടി നിരോധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. 

ഒരു അവതാരങ്ങളെയും ഭരണത്തില്‍ കാണില്ലെന്നാണ് 2016-ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടു മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഒന്‍പതാമത്തെ അവതാരമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്. അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഈ പുതിയ അവതാരത്തെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഈ അവതാരത്തെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചത്? വിജിലന്‍സ് ഡയറക്ടറും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ഈ അവതാരത്തെ എന്തിനാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ അടുത്തേക്ക് ഇടനിലക്കാരനായി വിട്ടത്? മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത്. ആരോപണം പിന്‍വലിക്കുന്നതിന് വേണ്ടി പൊലീസിനെ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണ് ആരോപണങ്ങളെ ഭയക്കുന്നത്? ഭയമില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ മൊഴി കൊടുത്ത സ്ത്രീയ ഭീഷണിപ്പെടുത്താന്‍ 12 അംഗം പൊലീസ് സംഘത്തെ നിയോഗിച്ചത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. 

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി കാര്യമായി എടുക്കാത്തവര്‍ പോലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരിഭ്രാന്തി ഒാട്ടവും കണ്ട്, ഇതില്‍ എന്തോ വസ്തുതയുണ്ടെന്ന് സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും ഒരു കേന്ദ്ര ഏജന്‍സി പോലും അന്വേഷണത്തിന് തയാറാകുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സംഘപരിവാറും സി.പി.എമ്മും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങളെല്ലാം ഒത്തുതീര്‍പ്പിലെത്തിച്ചത്. പകല്‍ പിണറായി വിജയന് എതിരെ സംസാരിക്കുന്ന വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കാള്‍ രാത്രി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ്. ഈ കേസും ആ ദിശയിലേക്കാണ് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമനടപടികളുമായി മുന്നോട്ട് പോകും. 


കരിങ്കൊടി കാട്ടുന്നത് നിയമവിരുദ്ധമല്ലെന്ന് ലഖ്‌നൗ കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍ കുന്നംകുളത്ത് കരിങ്കൊടി കാട്ടുമെന്ന് ഭയന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ അഭിഭാഷകനെ അടിവസ്ത്രത്തില്‍ നിര്‍ത്തി. ട്രാന്‍സ്‌ജെന്‍ഡറുകളെ പോലും കറുത്ത വസ്ത്രം ധരിച്ചതിന് ജീപ്പിലാക്കി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നു.  ഇത് ഹിറ്റ്‌ലറുടെ കേരളമാണോ?  കരുതല്‍ തടങ്കലും പാന്റ് ഊരലും കൊണ്ടാണോ നിങ്ങള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്? എന്ത് തോന്ന്യാസവും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ട് പോകുകയാണോ? എവിടെയാണ് ഇവിടുത്തെ സാംസ്‌കാരിക നായകര്‍? ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയാണ്. രാജാക്കാന്‍മാരുടെ കാലത്തുള്ള സന്നാഹവുമായി വന്നിട്ട് ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അനുവദിക്കാനാകില്ല. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കരിങ്കൊടി കാട്ടിയിട്ടില്ലേ? അങ്ങനെയൊന്നും വിരട്ടാന്‍ വരണ്ട. മുഖ്യമന്ത്രിയെ പോലെ നൂറുകണക്കിന് പൊലീസുകാരുടെ നടുവില്‍ ഇരുന്നൊന്നുമല്ല സംസാരിക്കുന്നത്. ഇതൊന്നും കണ്ട് ഞങ്ങള്‍ വിരളില്ല. ആരെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസുകാര്‍ കാട്ടുന്നത്. അതിനെതിരെ ജനാധിപത്യ കേരളം പ്രതിഷേധിക്കും. വലിയ കുഴിയില്‍ വീണ മുഖ്യമന്ത്രി, അതില്‍ നിന്നും കരകയറാനുള്ള തത്രപ്പാടാണ് കാണിക്കുന്നത്. 

സര്‍ക്കാരിന് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുണ്ട്. അവരുടെ ചെറുവള്ളി എസ്റ്റേറ്റ് കോടിക്കണക്കിന് രൂപ നല്‍കി ഏറ്റെടുക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണ്. ഹാരിസണ്‍ നിയമവിരുദ്ധമായി വിറ്റ ഭൂമിയാണിത്. സര്‍ക്കാര്‍ ഭൂമി ഹിസണ്‍ മലയാളം ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റെന്നതാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ വാദം. ഈ വിവാദ ഭൂമിക്ക് നിയമസാധുത ഉണ്ടാക്കിക്കൊടുക്കാനാണ് വിമാനത്താവളത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവരുമായി എന്ത് വഴിവിട്ട ബന്ധമാണുള്ളതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പണം അയച്ചതെന്ന് ഇടനിലക്കാരനായ അവതാരമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അയാളെ ചോദ്യം ചെയ്യാത്തത് കൂടുതല്‍ തെളിവ് പുറത്ത് വരുമെന്ന് ഭയന്നാണോ? 


ക്രിമിനല്‍ കേസുകള്‍ വന്നാല്‍ ജനഹിതത്തിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിടുന്നതാണോ നീതിന്യായ വ്യവസ്ഥ. ജനഹിതം വേറെ, കേസ് വേറെ. അങ്ങനെയെങ്കില്‍ ജനവിധി മാനിച്ച് ഗുജറാത്ത് വംശഹത്യയില്‍ മോദിക്കും സി.പി.എം ക്ലീന്‍ചിറ്റ് നല്‍കണം. 

മാധ്യമ പ്രവര്‍ത്തകരുടെ മാസ്‌ക് മാറ്റിയിട്ടും ഒരു മണിക്കൂര്‍ മുന്‍പെ എത്തണമെന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ സംഘടന പ്രതിഷേധിച്ചില്ലോ. പരിപാടി ബഹിഷ്‌ക്കരിക്കാന്‍ പോലും തയാറായില്ലല്ലോ. സരിതയുടെ പിന്നാലെ നടന്നാല്‍ നല്ലതാണ്. സ്വപ്‌നയുടെ പിന്നാലെ നടക്കാന്‍ പാടില്ല. എച്ച്.ആര്‍.ഡി.എസിന് സംഘപരിവാര്‍ ബന്ധമുണ്ടെങ്കില്‍ പൊലീസാണ് അന്വേഷിക്കേണ്ടത്. 

ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നുള്ള പ്രഹസനമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ളതിനാല്‍ വിജിലന്‍സിന് അന്വേഷിക്കാനാകില്ല. സമരത്തിനൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ വഴികളും യു.ഡി.എഫ് തേടും. 

മുഖ്യമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടിട്ട് എത്രനാളായി? ഒരു ചോദ്യം ചോദിക്കാന്‍ കൊതിയാകുന്നില്ലേ? എത്ര മാസമായി. തിരുവനന്തപുരത്ത് നിന്ന് കുറ്റിപ്പുറം വരെ പോയപ്പോള്‍ യു.ഡി.എഫിന് നന്നായി സമരം ചെയ്യാന്‍ അറിയുമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായല്ലോ. അറസ്റ്റ് ചെയ്തത് കൊണ്ട് സമരം നിര്‍ത്തിപ്പോകില്ല. തിരുവനന്തപുരം വൃത്തികേടാക്കിയ രീതിയില്‍ യു.ഡി.എഫ് സമരം ചെയ്യില്ല.