മൂന്നാം ട്വന്റി20യിലും ജയം; വെസ്റ്റിൻഡീസിനെതിരെ സമ്പൂർണ്ണ വിജയവുമായി ഇന്ത്യ

 | 
india

ഏകദിന പരമ്പരക്ക് പിന്നാലെ ട്വന്റി20യിലും വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് മുഴുവൻ മത്സരങ്ങളിലും വിജയം. മൂന്നാം മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 185 എന്ന വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ. സൂര്യകുമാർ യാദവിന്റെ മിന്നും പ്രകടനമാണ് ഇന്ത്യൻ ബാറ്റിം​ഗിന് നെടുംതൂണായത്. 

ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ പൊളാർഡ് ബൗളിം​ഗ് തെരഞ്ഞെടുത്തു. പതിവ് ഓപ്പണിം​ഗ് കൂട്ടുകെട്ടിന് പകരം രോഹിത് ശർമ്മ ഋതുരാജ് ​ഗെയ്ക്വാദിനെ ഇഷാൻ കിഷന് കൂട്ടായി അയച്ചു. എന്നാൽ നാല് റൺസെടുത്ത ​ഗെയ്ക്വാദ് പെട്ടന്ന് മടങ്ങി. പിന്നാലെ വന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷന് നല്ല പിൻതുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 53 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റോസ്റ്റൺ ചെയ്സിന്റെ പന്തിൽ ഇഷാൻ ബൗൾഡായി മടങ്ങി. 31 പന്തിൽ 34 റൺസാണ് ഇഷാൻ നേടിയത്. ഹെയ്ഡൻ വാൽഷിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ശ്രേയസ് അയ്യരും പുറത്തായി. 16 പന്തിൽ 25 റൺസാണ് അയ്യർ നേടിത്. പിന്നീടെത്തിയ നായകൻ രോഹിത് ശർമ്മ(7) പെട്ടന്ന് പുറത്തായിയെങ്കിലും വെങ്കിേഷ് അയ്യരെ കൂട്ടുപി‌ടിച്ച് സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നോട്ടു നയിച്ചു.

31 പന്തിൽ ഏഴ് കൂറ്റൻ സിക്സും ഒരു ഫോറും ഉൾപ്പടെ 65 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. വെങ്കി‌ടേഷ് അയ്യർ 19 പന്തിൽ 35 റൺസും നേടി. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 184 റൺസ് എടുത്തത്. 

വെസ്റ്റിൻ‍ഡീസ് ഓപ്പണർമാർ പെട്ടന്ന് തന്നെ പുറത്തായി. ദീപക് ചാഹറാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 61 റൺസ് നേടിയ നിക്കോളാസ് പൂരൻ ആണ് ടോപ്സ്കോറർ. ഇന്ത്യക്ക് വേണ്ടി ഹർഷ് പട്ടേൽ മൂന്നും ചാഹർ, ഷർദുൽ, വെങ്കിടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൂര്യകുമാർ യാദവാണ് കളിയിലേയും പരമ്പരയിലേയും താരം.