'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ'; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം; മറുപടിയുമായി ബല്‍റാം
വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന വേദിയില്‍ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടി പരാമര്‍ശിച്ചു കൊണ്ട് പിണറായി പറഞ്ഞു. പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്ന ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് ചെന്നിത്തല സ്വാഗത പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
വരും തലമുറക്ക് കൂടിയുള്ളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാം. പക്ഷെ ഇന്ന് ചെന്നിത്തലക്ക് ദുര്‍ദിനമാണ്. അത് മറ്റൊരു കാര്യമാണ്. അതിവിടെ പറയുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം രംഗത്തെത്തി.
ശരിയാണ് സെര്‍, ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ എന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.