കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായ യുവതിയെ വെട്ടിക്കൊന്നു; മുന്‍ ജീവനക്കാരന്‍ ഒളിവില്‍

 | 
Rincy Murder

കൊടുങ്ങല്ലൂരില്‍ തുണിക്കട ഉടമയായ യുവതിയെ വെട്ടിക്കൊന്നു. എറിയാട് കെവിഎച്ച്എസ് സ്‌കൂളിന് സമീപം നിറക്കൂട്ട് എന്ന ടെകസ്റ്റൈല്‍ ഷോപ്പ് നടത്തുന്ന റിന്‍സി നാസര്‍ (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. റിന്‍സിയുടെ കടയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന റിയാസ് (25) ആണ് വെട്ടിയത്. ഇയാള്‍ ഒളിവിലാണ്. 

രാത്രി കടയടച്ച ശേഷം കുട്ടികളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ് ആളുകളില്ലാത്ത സ്ഥലത്തു വെച്ച് സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം റിന്‍സിയെ വെട്ടുകയായിരുന്നു. മുഖത്തും കൈകളിലുമാണ് വെട്ടേറ്റത്. 30ഓളം വെട്ടുകള്‍ ഏറ്റതായാണ് വിവരം. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. 

ആക്രമണത്തില്‍ ഭയന്ന കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും റിയാസ് അവരെ ഭീഷണിപ്പെടുത്തി. റിയാസ് മുന്‍പ് റിന്‍സിയെ കടയില്‍ എത്തി ഭീഷണിപ്പെടുത്തിയിരുന്നു. റിന്‍സിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയ സംഭവത്തില്‍ ഇയാളെ പോലീസ് നേരത്തേ താക്കീത് ചെയ്തിരുന്നു.